Pages

Sunday, October 16, 2011

21.ഖത്തര്‍ ലേക്ക് കണ്ണീരോടെ ഒരു യാത്ര....


Aug15,2011 ... എന്റെ പ്രവാസി ജീവിതം ഇന്ന്  തുടങ്ങുന്നു ... പുലരിയില്‍ പെയ്ത മഞ്ഞു തുള്ളികള്‍ എന്തിനോ  വേണ്ടി തേങ്ങുന്നുണ്ടായിരുന്നു. എന്റെ പ്രിയതമയെയും കൊച്ചു മോനെയും പിരിഞ്ഞുള്ള ഒരു യാത്ര..ഒരിക്കല്‍ പോലും പ്രവാസിയാകാന്‍ കൊതിചിട്ടില്ലാത്ത എന്നെ സാഹചര്യങ്ങള്‍ "പ്രവാസി" എന്ന മുള്‍ കിരീടം ചൂടിച്ചു !!! വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒന്ന് പൊട്ടി കരയാതിരിക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു - അതുകൊണ്ട് പ്രയോജനമില്ല എന്നറിഞ്ഞിട്ടും....ഓരോ മണിക്കൂറും ഓരോ നിമിഷം പോലെ മിന്നി മറയുന്നു.സുബഹി നമസ്ക്കാരം കഴിഞ്ഞു അയല്‍വാസികളും കുടുംബക്കാരും  ഓരോന്നായി എത്തി തുടങ്ങി .ഓരോരുത്തര്‍ക്കും അറിയേണ്ടത് രണ്ടു ചോദ്യങ്ങള്‍ മാത്രമായിരുന്നു  "വിസയും പാസ്പോര്‍ട്ടും ഹാന്‍ഡ്‌ ബാഗില്‍ വെച്ചോ..."  "പെട്ടിയുടെ വെയിറ്റ് ഇത്തിരി കൂടിയോ..." .ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ അവരില്‍ ചിലര്‍  ഇടയ്കിടെ ചോദിച്ചു കൊണ്ടിരുന്നു. പ്രവാസി യുടെ വേദന ഒരു  പ്രവാസിക്കെ അറിയൂ . എന്താണന്നറിയില്ല എനിക്ക്  പടിയിറങ്ങാന്‍ സമയം അടുക്കും തോറും  എന്റെ ഹൃദയംമിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാമായിരുന്നു . ഓരോരുത്തരോടും യാത്ര പറയാനായി ഞാന്‍ ഒരുങ്ങുമ്പോള്‍ ആരാരും അറിയാതെ ഒന്ന് പൊട്ടി കരയാന്‍ ഒരുപാടു കൊതിച്ചു.

എന്റെ വീട്ടിന്റെ തൊട്ടടുത്ത്‌ തന്നെ യാണ് എന്റെ തറവാട് .അവിടെ  സ്നേഹിക്കാന്‍  മാത്രം അറിയാവുന്ന  എന്റെ വല്ല്യുമ്മ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു .എന്ത് കിട്ടിയാലും അതിന്റെ ഒരു ഓഹരി എനിക്ക് വേണ്ടി മാറ്റി  വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മാത്രം വല്യുമ്മ .തലേ ദിവസം അളിയന്‍ കൊണ്ട് വന്ന ആപ്പിള്‍ അന്നും എനിക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. യാത്ര പറയുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറച്ചു .   "സാരമില്ലടാ മോനെ ... നീ പോയി വാ .. നിന്നെ പടച്ചോന്‍ കാക്കും " .എന്ന് പറഞ്ഞു വല്യുമ്മ വിതുമ്പുന്നുണ്ടായിരുന്നു . കെട്ടി പിടിച്ചു കവിളില്‍ ഉമ്മ വെച്ചപ്പോള്‍ വല്യുമ്മ യുടെ കണ്ണ് നീര്‍ എന്റെ മുഖം നനച്ചു ..

തിരിച്ചു വീട്ടില്‍ വന്നു റൂമില്‍ കയറി .അപ്പോഴും ഒന്നും അറിയാതെ ഞങ്ങളുടെ കുഞ്ഞു വാവ തൊട്ടിയില്‍ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. പാവം ഒന്നും അറിയാതെ ... "വേഗം ഉറങ്ങു ..നാളെ രാവിലെ നമുക്ക് ആന കളിക്കാം " എന്ന് പറഞ്ഞ അവനെ ഞങ്ങള്‍  ഇന്നലെ ഉറക്കിയത്‌ . പാവം ഉണരുമ്പോള്‍  വാപ്പയെ കാണാതെ അവന്‍ കുറുമ്പ്  പിടിക്കും .അപ്പോള്‍ എന്റെ പ്രിയ പ്രേയസി എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കും...

അപ്പോഴും എന്റെ പ്രിയതമയുടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു . "ഇന്ഷ അള്ള" വിധിയുണ്ടെങ്ങില്‍ നമുക്ക് വീണ്ടും  കാണാം എന്ന് പറഞ്ഞു റൂമില്‍ നിന്നും പതുക്കെ പടിയിറങ്ങി ...അപ്പോഴും അവളുടെ കവിഞ്ഞൊഴുകുന്ന കണ്ണ് നീര്‍ ഞാന്‍ മന കണ്ണിന്റെ മൌനം കൊണ്ട് തുടച്ചു .

ഹാന്‍ഡ്‌ ബെഗും പെട്ടിയുമായി റൂമിന് പുറത്തു വന്നു. എന്റെ കണ്ണുകള്‍ എന്റെ ഉമ്മ യെ പരതി.ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു "ഇനി എന്നാ മോനെ കാണുക ..." എന്ന് ഇടറിയ സ്വരത്തില്‍ എന്റെ പൊന്നുമ്മ ചോദിച്ചപ്പോള്‍..... ഒന്ന് മറുപടി പറയാന്‍ പോലും എനിക്കായില്ല ....

എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറിയിരുന്നു .. അപ്പോഴും പുറത്തു നേരിയ മഴത്തുള്ളികള്‍ പോഴിയുന്നുണ്ടായിരുന്നു . എന്നെ ഞാനാക്കിയ എന്റെ കൊച്ചു ഗ്രാമത്തിലൂടെ കാര്‍ കുതിച്ചു പാഞ്ഞു ...

ഒരായിരം സ്വപനങ്ങള്‍ നെയ്തു കൂട്ടി . ഖത്തര്‍ എയര്‍വൈസിന്റെ ഫ്ലൈറ്റില്‍ കയറി ബെല്‍ട്ടു മുറുക്കുമ്പോള്‍ ഒരായിരം നഷ്ട്ട സ്വപ്നങ്ങള്‍ മാത്രം നെഞ്ചോടു ചേര്‍ത്ത് വെച്ച് പിറന്ന നാടിനെ തനിച്ചാക്കി എല്ലാ പ്രവാസിയും പോലെ ഞാനും യാത്രയായി ..... ഒരു പുതിയ വഴിയോര കാഴ്ചകള്‍ ക്കായി.. കണ്ണീരോടെ ....