Pages

Tuesday, April 9, 2013

25.ആരാണ് ഈ മമ്പുറം തങ്ങൾ.....?


ഇത്തവണ ലീവിന് നാട്ടിൽ എത്തിയപ്പോൾ ഒരു ആഗ്രഹം ഉണ്ടായിരുന്നു ആത്മീയ ചൈതന്യം തുളുമ്പുന്ന മമ്പുറം മണ്ണിലൂടെ ഒരു യാത്ര . മലപ്പുറം ജില്ലയിലെ  അതിപ്രശസ്തമായ ഒരു തീർഥാടന കേന്ദ്രമാണ് മമ്പുറം. കടലുണ്ടിപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതിചെയ്യുന്ന മമ്പുറം മഖാം. കേട്ടുകേൾവികളിലും  അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങളുടെ ജീവ ചരിത്രം ഇന്നും പലർക്കും അറിയില്ല .ഈ ചരിത്രമുറങ്ങുന്ന മണ്ണിൽ എത്തുന്ന പലരും തങ്ങളെ കുറിച്ച് മനസിലാക്കാനും ശ്രമിക്കാറില്ല എന്നതാണ് യതാർത്ഥ വസ്തുത .


മമ്പുറം മഖാം 
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ എ.ആർ നഗർ പഞ്ചായത്തിലുള്ള തിരൂരങ്ങാടിക്കടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് മമ്പുറം.ചരിത്ര പരമായി ഒട്ടേറെ പ്രധാന്യവുമുള്ള സ്ഥലമാണ്,ഖിലാഫത്ത് സമരത്തിന് നേതൃത്വം കൊടുത്ത ആലി മുസ്ലിയാർ പ്രവർത്തന കേന്ദ്രമാക്കിയിരുന്ന തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നതും 1921 ലെ ചേറൂർ വിപ്ലവത്തിൽ പങ്കെടുത്ത മമ്പുറം സയ്യിദ് അലവി തങ്ങൾ(മമ്പുറം തങ്ങൾ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവുമാണ്  ഇവിടം.മമ്പുറം വലിയ ജുമുഅത്ത് പളളി

രാഷ്ട്രീയ ചെറുത്തുനിൽപുകളിലൂടെയും  സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെയും കേരള മുസ്ലീം സ്വത്വത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്ത വിപ്ലവകാരികൾ ആയിരുന്നു സയ്യിദ് അലവി തങ്ങളും (മമ്പുറം തങ്ങൾ) പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും .ഇസ്ലാമിനെ ആചാരങ്ങളിൽ തളച്ചിട്ട കേവല മതനേതാക്കന്മാർ ആയിരുന്നില്ല അവർ. ഖുർആനും സുന്നത്തും ആയുധമാക്കി സമുദായത്തിലെ ജീർണതകൾക്കെതിരെ പോരാടുകയും പ്രസ്തുത പോരാട്ടത്തെ സമുദായത്തിന്റെ രാഷ്ട്രീയ അതിജീവനത്തിനു ഇന്ധനമാക്കുകയും ചെയ്ത നവോഥാന നായകന്മാരായിരുന്നു മമ്പുറം തങ്ങൾമാർ.മതം അവർക്ക്  സ്വകാര്യ ഏർപ്പാടോ ആത്മീയ വ്യവസായത്തിനുള്ള മൂലധനമോ ആയിരുന്നില്ല .പ്രത്യുത സാമൂഹിക ഇടപെടലിന്റെ ചാലക ശക്തിയും വിമോചനത്തിന്റെ കാഹളധ്വനിയുമായിരുന്നു.

മമ്പുറം തൂക്കുപാലം : ഈ പാലം ഇനി ഓർമ്മകൾ മാത്രം .. ഈ തൂക്കുപാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയുള്ളൂ,

കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു മമ്പുറം തങ്ങൾ. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ.തങ്ങളുടെ കുടുംബവേരുകൾ പ്രവാചക പുത്രി ഫാത്വിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു . ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം.പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യർഥനപ്രകാരമാണ് ഈ യാത്ര എന്ന് പറയപ്പെടുന്നു.കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്  ശൈഖ് ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്വിമയെയാണ് സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.

മതവിജ്ഞാനവും അറബിഭാഷയും ചെറുപ്പത്തിലേ പഠിച്ചു. 1769ൽ വളർത്തു മ്മയുടെ അനുമതിയോടെ മുഖല്ലാ തുറമുഖത്തു നിന്ന്, മലബാറിലേക്ക് കപ്പലേറി കോഴിക്കോട്ടെത്തി. ബന്ധുവായ ശൈഖ് ജിഫ്രിയുടെ
നിർദേശപ്രകാരമായിരുന്നു ഈ യാത്ര. കോഴിക്കോട്ടെത്തിയ അലവി തങ്ങളെ ശൈഖ് ജിഫ്രി മമ്പുറത്തെത്തിച്ചു. അന്നദ്ദേഹത്തിന് പതിനേഴ് വയസ്സ്. ഖാദി ജമാലുദ്ദീന് അടക്കമുള്ള പ്രമുഖരുമായി പരിചയത്തിലായ തങ്ങൾ മമ്പുറത്ത് തന്നെ താമസമാക്കി. ശൈഖ് ഹസൻ  ജിഫ്രിയുടെ മകൾ ഫാതിമയെ വിവാഹം ചെയ്തതോടെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് `മാളിയേക്കൽ' എന്ന സ്വന്തം ഭവനം പണിതു. ആദ്യഭാര്യയിൽ രണ്ടു പെണ്മക്കൾ ജനിച്ചുവെങ്കിലും ആദ്യത്തെ മകൾ  മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നു കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്ര് മദനിയുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഈ ഭാര്യയിലാണ് പ്രഗത്ഭനായ സയ്യിദ് ഫദ്ല് പൂക്കോയ തങ്ങൾ ജനിച്ചത്. പൊന്മുണ്ടം സ്വദേശി ആഇശയെയും തങ്ങൾ വിവാഹം ചെയ്തിരുന്നു. ഫാത്വിമ എന്ന പുത്രി ഈ ഭാര്യയിൽ ജനിച്ചു.


മമ്പുറം തങ്ങൾ
വിശുദ്ധ ഖുർആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാൻ നിർദേശിക്കുകയും ചെയ്ത മഹാനായിരുന്നു തങ്ങൾ. അതീവ ഭക്തനായിരുന്നു അദ്ദേഹം. മതഭേദമന്യേ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് വില കൽപ്പിച്ചു. ലഭിച്ചിരുന്ന സമ്മാനങ്ങൾ പാവങ്ങൾക്ക്  നൽകിയിരുന്ന തങ്ങളെ ദരിദ്ര ജനങ്ങൾ കൂടുതൽ  ഇഷ്ടപ്പെട്ടു. പള്ളികൾക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ തങ്ങൾ പ്രഗത്ഭനായിരുന്നു. താനൂർ വടക്കേപ്പള്ളി, കൊടിഞ്ഞി, ചാപ്പനങ്ങാടി, കാനഞ്ചേരി, മുന്നൂർ ഒടുങ്ങാട്ട് ചിനക്കൽ, വെളിമുക്ക്, മുട്ടിയറക്കൽ, പൊന്മുണ്ടം പള്ളികൾ അതിൽ പെടുന്നു.

മമ്പുറത്ത് താമസമാക്കിയതോടെ മലയാളം പഠിച്ച തങ്ങൾ, അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരോടെല്ലാം സൗഹൃദത്തിലായി. വെളിയങ്കോട് ഉമർ ഖാദിയും പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാരുമൊക്കെ അതിലുൾപ്പെടുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഉമർ ഖാദിയുടെ സ്വാധീനത്തിൽ  നിന്നാകാം വളരെ വേഗം അലവി തങ്ങളും ബ്രിട്ടീഷുകാരുടെ എതിർപക്ഷത്തായി. ഹിന്ദുക്കളോടും മുസ്ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാൻ അദ്ദേഹം നിർദേശിച്ചു.

തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകർഷി ക്കുകയും നാൾക്കുനാൾ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വർധിച്ചു വരികയും ചെയ്തു.മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങൾ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തിൽ  ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്ത തങ്ങൾ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളിൽ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥർക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ  തങ്ങൾക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കൽപ്പത്തിൽ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ  ഏറ്റെടുക്കുന്ന നായകനായി മാറാൻ  സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങൾ രംഗത്തു വന്നത്.

ഹൈന്ദവ വീടുകളിൽ  വിവാഹ നിശ്ചയങ്ങളിൽ  വരെ തങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിർവരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നിയൂർ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായിരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില് ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി മിതത്വമുളള  ചരിത്രകാരന്മാർ വികലമായി ചിത്രീകരിക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.

മലബാറിലെ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ട ജനനായകൻ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങൾ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടർന്നത്.

മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട്

പഴമയുടെ മഹിമമായാതെ നിൽ ക്കുന്ന മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട് കാണാൻ സന്ദർശകരുടെ പ്രവാഹം തന്നെയാണ്. മമ്പു തങ്ങൾ താമസിച്ചിരുന്ന വീട് മഖാമിന് സമീപത്തെ ഒറ്റക്കാമൽ  ജുമാ മസ്ജിദിന് മുൻവശത്താണ്.
നൂറ്റാണ്ടുകൾ   പിന്നിട്ടിട്ടും ചരിത്രപെരുമയുമായി മഹിമ മായാതെയാണ് ഓല മേഞ്ഞ വീട് നിലകൊള്ളുന്നത്.തങ്ങളുടെ പാദം പതിഞ്ഞ കല്ലും വീട്ടിലുണ്ട്

തങ്ങളുടെ പാദം പതിഞ്ഞ കല്ല്‌ 
തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ചേറൂർ പടയിൽ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തിൽ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരിൽ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം.  ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.