Pages

Monday, September 23, 2013

അബൂദാബിയിലെ താജ്മഹൽ ...

വീണ്ടും ഒരു വെള്ളിയാഴ്ച.കൊടും വേനലിൽ പെയ്ത പുതു മഴ പോലെയാണ് ഓരോ പ്രവാസിക്കും ഈ വെള്ളിയാഴ്ചകൾ . അബുദാബിയിൽ എത്തിയിട്ട് ഇന്നേക്ക് മൂന്നു മാസം തികയുന്നു. ഇവിടം മൊത്തം ഒന്ന് ചുറ്റികറങ്ങാൻ ഒരുപാട് നാളായി കൊതിക്കുന്നു.ഈ നാടിന്റെ വളര്‍ച്ചയുടെ ചരിത്രം ഉറങ്ങുന്ന മണ്ണിനെ അടുത്തറിയാൻ.  ഇവിടത്തെ ഓരോ മണ്‍ തരിയിലും ഉണ്ട്  യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകൾ.. 
ഇന്ന് ഞങ്ങളുടെ യാത്ര ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക് ലക്ഷ്യമാക്കിയാണ്. ഇവിടം  വരുന്നവര്‍ ആദ്യം ചെന്നു കാണേണ്ട സ്ഥലങ്ങളിലൊന്നാണ് ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക്.യു.എ.ഇയിലെ ഏറ്റവും വലിയപള്ളിയാണ് ഇത്. ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ പള്ളിയും.അബുദാബി മെയിൻ ബസ്‌ ടെർമിനലിൽ നിന്നും ടാക്സിയിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഇവിടെ നിന്നും 17 KM ഉണ്ടത്രേ.പാകിസ്ഥാനി ഡ്രൈവർ ഗ്രാന്‍ഡ് മോസ്‌ക് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു .വെള്ളിയാഴ്ച ആയതു കൊണ്ടാകണം റോഡിൽ നന്നേ തിരക്ക് കുറവ്.കുറച്ചു നേരം പിന്നിട്ടപ്പോൾ ശില്‍പസുന്ദരമായ മിനാരങ്ങൾ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു.സൂര്യശോഭയിൽ വെട്ടിതിളങ്ങുന്ന യു.എ.ഇ യുടെ സ്വന്തം  താജ്മഹൽ.വളവു തിരിഞ്ഞു പള്ളിയുടെ അടുത്ത് എത്താറായി.രത്നം പോലെ തിളങ്ങുന്ന ഈ ശില്പ സുന്ദരമായ പ്രാർത്ഥനാലയം ഒരിക്കൽ എങ്കിലും കണ്ടില്ലെങ്കിൽ അത് ജീവിതത്തിൽ നികത്താൻ ആവാത്ത ഒരു നഷ്ട്ടം തന്നെയാണ്.
പൂർണ്ണമായും ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് മുഗള്‍-മൂറിഷ് പള്ളികളുടെ വാസ്തുവിദ്യാശൈലികള്‍ കലര്‍ത്തി നിര്‍മ്മിച്ചതാണ്. 3000 തൊഴിലാളികൾ,38 കോണ്‍ട്രാക്റ്റ് കമ്പനികൾ ചേർന്നാണ് ഈ പള്ളി നിർമ്മിച്ചത്‌ .377 അടി ഉയരമുള്ള നാല് മിനാരങ്ങള്‍ നാല് വശത്തും ഉയര്‍ന്നു നില്‍ക്കുന്നു. പലയിടങ്ങളിലായി 57 മിനാരങ്ങള്‍ വേറെയും.പള്ളി നിർമ്മിക്കാനായി ഏകദേശം 2 ബില്യൺ യു ഏ യി ദിർഹം വേണ്ടി വന്നു .

പള്ളിയിലോട്ടുള്ള പ്രധാന കവാടത്തിനരികിൽ സെക്യൂരിറ്റി നിലയുറപ്പിച്ചിട്ടുണ്ട് . മാന്യമായ വസ്ത്രധാരണം ഇവിടെ കർക്കശമാണ്‌.. സ്ത്രീകൾക്ക് അകത്തു പ്രവേശിക്കണം എങ്കിൽ പർദ്ദ ധരിക്കണം . അതിനുള്ള സൗകര്യം പളളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട് . മദാമമാർ പർദ്ദ അണിഞ്ഞു നടക്കുന്നത് കാണുമ്പോൾ അത് ഞങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെ എന്ന് പറയാതെ വയ്യ .  പള്ളിയിലേക്ക് പ്രവേശിക്കുന്നത് മാർബിളിൽ കൊത്തിയടുത്ത സ്വർണ്ണംകൊണ്ട് പൊതിഞ്ഞ വീഥികളിലൂടെയാണ്‌.അതിനോട് ചേർന്ന് വിശാലമായ  പ്രാര്‍ഥനാഹാൾ. ഇവിടെ ഒരേ സമയം 40000 പേര്‍ക്ക് പ്രാര്‍ഥിക്കാം. ഞങ്ങൾ പള്ളിയുടെ അകത്തു എത്തി.അവിടെ വിശാലാമായ ഒരു പരവതാനി . ലോകത്തിലെ ഏറ്റവും വിശാലമായ പരവതാനി ഈ പള്ളിക്കകത്താണ്. ഇറാനിയന്‍ കലാകാരനായ അലി ഖലീകി നിര്‍മ്മിച്ച പരവതാനിയുടെ വലുപ്പം 60570 സ്‌ക്വയര്‍ഫീറ്റ്. 47 ടണ്‍ ഭാരമുള്ള പരവതാനി നിര്‍മ്മിക്കാന്‍ 1200 നെയ്ത്തുകാരും 20 സാങ്കേതിക വിദഗ്ധരും 30 മറ്റുപണിക്കാരും വേണ്ടി വന്നു. മിംബറിന് അടുത്തുള്ള ചുമരിൽ ഖുർആനിൽ വിശേഷിപ്പിച്ച അല്ലാഹുവിന്റെ 99 പേരുകളും മാർബിളിൽ ആലേഖനം ചെയ്തിട്ടുണ്ട് . യു എ ഇ യിലെ മുഹമ്മദു മന്ദി അൽ തമീമിയാണ് ഈ കരവിരുതിന് പിന്നിൽ .

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക ബഹുശാഖ അലംകൃതവിളക്കും (Chandelier) ഇവിടെയാണ്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഇതിന് 49 അടി ഉയരവും 33 അടി വ്യാസവുമുണ്ട്. പള്ളിയുടെ മറ്റൊരു പ്രത്യേകത നിര്‍മാണത്തിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ ഒരു വനിതയാണ് എന്നതാണ്. ഖൊവ്‌ല സുലൈമാന്‍ അല്‍ സുലൈമാനി എന്ന എഞ്ചിനിയര്‍... ..പള്ളിക്ക് ചുറ്റിലുമായി വെള്ള കെട്ടുകൾ ഒരുക്കിയിട്ടുണ്ട് . നിലാവുള്ള രാത്രികളിൽ താജ്മഹൽ പോലെ വെട്ടിതിളങ്ങും ഈ കൊട്ടാരം . ഇതിനരികിലായി തന്നെയാണ് ഷെയ്ഖ് സായദിന്റെ ഖബര്‍. ഉന്നതനായ ഭരണാധികാരിക്ക് ഉത്തമമായ നിദ്രാസ്ഥലം.. ഖബര്‍.നരികെ ഫോട്ടോ എടുക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇവിടെ സന്ദർശിക്കാൻ വരുന്നവർ സമയക്രമം പാലിക്കാൻ ശ്രദ്ധിക്കുക. 
വെള്ളിയാഴ്ച പകല്‍ ഒഴികെ എല്ലാ ദിവസങ്ങളിലും സന്ദര്‍ശകരെ അനുവദിക്കും. വെള്ളിയാഴ്ച ഉച്ചവരെ പ്രാര്‍ഥിക്കാനെത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ഗൈഡുമൊത്തുള്ള സന്ദര്‍ശനം വെള്ളിയാഴ്ച വൈകീട്ട് 4.30/5, രാത്രി 7.30/8 എന്നീ സമയങ്ങളിലാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ ഇത് രാവിലെ 10, 11, വൈകീട്ട് 4.30/5 എന്നീ സമയങ്ങളിലും ശനിയാഴ്ച രാവിലെ 10, 11, ഉച്ചക്ക് രണ്ട്, വൈകീട്ട് 4.30/5, രാത്രി 7.30/8 എന്നീ സമയങ്ങളിലുമാണ്.

ജീവിതത്തിന്റെ രണ്ടു അറ്റം മുട്ടിക്കാൻ പാടുപെടുന്ന പ്രവാസിക്ക് ഓരോ യാത്രകളും കൊടും വേനലിൽ പെയ്ത പുതുമഴ തന്നെ ..പള്ളിയിൽ മഗ്രിബ് ബാങ്ക് ഉയർന്നു..അസ്തമനസൂര്യന്റെ ചുവന്ന രശ്മികള്‍ ഈ ആരാധനാലയത്തെ പതുക്കെ ചുംബിക്കാൻ തുടങ്ങിയിരിക്കുന്നു . കണ്ടിട്ടും കണ്ടിട്ടും മതി തീരാതെ വീണ്ടും ഒരിക്കൽ കൂടി വരാം എന്നുറപ്പിച്ചു ഞങ്ങൾ യാത്ര പറഞ്ഞു.... 

*******************************************************************************

ചൂടോടെ ഗൾഫ്‌ മനോരമയിൽ അച്ചടിച്ച്‌ വന്നപ്പോൾ 
Gulf Manorama .Dt. 24.09.2013*********************************************************************************